ചെന്നൈ∙ ലോക്‌സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെ ശക്തമായി എതിർത്ത്, ബില്ലിനെതിരെ ഡിഎംകെയുടെ പേരിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭയിൽ സംസാരിക്കവെയായിരുന്നു ഈ പ്രഖ്യാപനം. ബില്‍ മതസൗഹാർദത്തെ തകർക്കുന്നതാണെന്ന് ആരോപിച്ചു പ്രതിഷേധ സൂചകമായി ഡിഎംകെ അംഗങ്ങളും സഖ്യകക്ഷികളും കറുത്ത ബാഡ്ജ് ധരിച്ചാണു നിയമസഭാ നടപടികളിൽ പങ്കെടുത്തത്.
ഇന്ത്യയിലെ ഭൂരിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് പുലർച്ചെ രണ്ടു മണിക്കു ഭേദഗതി അംഗീകരിക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് സ്റ്റാലിൻ പറഞ്ഞു. 232 എംപിമാർ എതിർത്തും 288 അംഗങ്ങൾ അനുകൂലമായുമാണ് വോട്ടു ചെയ്തത്. സഭയിൽ ബില്ലിനെ എതിർത്തവരുടെ സംഖ്യ ചെറുതല്ല. എതിർക്കുന്നവരുടെ സംഖ്യ വർധിക്കുകയുമാകാം. 232 എംപിമാർ എതിർത്തു വോട്ട് ചെയ്തിട്ടും വഖഫ് നിയമ ഭേദഗതി ലോക്സഭയിൽ പാസാക്കിയത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 27ന് തമിഴനാട് സംസ്ഥാന നിയമസഭ നിർദിഷ്ട ഭേദഗതിക്കെതിരെ ഒരു പ്രമേയം പാസാക്കിയിരുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശം നശിപ്പിക്കുകയും ന്യൂനപക്ഷ മുസ്‌ലിം ജനതയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെ തമിഴ്‌നാട് പോരാടുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.