തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് കെ അണ്ണാമലൈ. ബിജെപി തമിഴ്നാട് അധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തിൽ താനില്ല എന്ന് നിലവിലെ അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. പുതിയ നേതാവ് വരും. പാർട്ടി കൂട്ടായി തീരുമാനമെടുക്കും. വീണ്ടും പ്രസിഡന്‍റ് ആകാൻ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്‍റിന് എല്ലാ ആശംസകളും അറിയിക്കുന്നു.
പാർട്ടിയിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ജൂലൈയിൽ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. തങ്ങളുമായുള്ള സഖ്യം സാധ്യമാകണമെങ്കിൽ അണ്ണാമലൈയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ വെറും പാർട്ടി പ്രവർത്തകൻ മാത്രമായി മാറിയാലും താൻ ബിജെപിയിൽ തുടരുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പറഞ്ഞിരുന്നു. ബിജെപി നിയമസഭ കക്ഷിനേതാവ് നൈ നാർ നാഗേന്ദ്രൻ പുതിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്നാണ് സൂചനകൾ. അണ്ണാമലൈയെ ഡൽഹിയിലെ പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നാണ് സൂചന. പക്ഷേ, തമിഴ്നാട്ടിൽ തുടരാനുള്ള താത്പര്യം അദ്ദേഹം അമിത് ഷായെ അറിയിച്ചിട്ടുണ്ട്.