തൊടുപുഴ: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുന്നകാലം വിദൂരമല്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഞങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയായെന്ന് മുഖ്യമന്ത്രിയുടെ മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ തെളിഞ്ഞെന്നും കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.
സി.എം.ആർ.എൽ നടത്തുന്ന പെരിയാർ മലിനീകരണത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും 2016 മുതൽ മലിനീകരണ ബോർഡ് ഭരിക്കുന്ന പിണറായി വിജയൻ ഒരു നടപടിയും സ്വീകരിച്ചില്ല. തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കടത്തിക്കൊണ്ടു പോകാൻ സി.എം.ആർ.എല്ലിന് വേണ്ട ഒത്താശകൾ ചെയ്തത് മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന ദുരന്തനിവാരണ വകുപ്പിന്‍റെ മറവിലാണ്.
സി.എം.ആർ.എല്ലിനെ സഹായിച്ചതിന് ഇതിൽപരം മറ്റെന്ത് തെളിവാണ് വേണ്ടതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി പറ്റിയവരിൽ കോൺഗ്രസുകാർ ഉണ്ടെങ്കിൽ അവർക്കെതിരെയും അന്വേഷണം വേണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.