ന്യൂഡല്‍ഹി: പാര്‍ട്ടി സംഘടനയുടെ കേന്ദ്രസ്ഥാനത്ത് ഡിസിസികളെ നിയോഗിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം പൂര്‍ത്തിയായതായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മൂന്ന് ഘട്ടമായാണ് യോഗം പൂര്‍ത്തിയായതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അദ്ധ്യക്ഷന്‍മാരുമായി നിരന്തരം ബന്ധപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചു. കീഴ്ത്തട്ടില്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് നീക്കമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലടക്കം ഡിസിസി പുനഃസംഘടന നടപടികള്‍ ആരംഭിച്ചു. ഗുജറാത്തില്‍ നിന്നും പുനഃസംഘടന ആരംഭിക്കും. എവിടെയൊക്കെ പുനഃസംഘടന വേണമോ അവിടെയെല്ലാം നടക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
2009ലാണ് ഇതിന് മുമ്പ് ഹൈക്കമാന്‍ഡ് ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ബ്ലോക്ക് പ്രസിഡന്റുമാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗം 2009 ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചേര്‍ന്നാണ്. വീണ്ടും അധികാരത്തിലെത്താന്‍ ഈ യോഗം സഹായിച്ചെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.
ഡല്‍ഹി കേന്ദ്രീകരിച്ച് തീരുമാനങ്ങളെടുക്കുന്ന ശൈലി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തന രീതിയെ നേരിടുന്നതിന് പര്യാപ്തമല്ല എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു. അതിനാല്‍ താഴെ തട്ടില്‍ ശക്തമായ സംഘടന സംവിധാനം രൂപപ്പെടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.