ചെന്നൈ: ഗോകുലം ഗോപാലന് ഇ.ഡി. കുരുക്ക് ഒരുക്കിയിരിക്കുകയാണ്. റെയ്ഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇഡി. ഗോകുലം ഗ്രൂപ്പ് ആർ.ബി.ഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി വാർത്താക്കുറിപ്പിലൂടെ ഇഡി അറിയിച്ചു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. ഇതിനിടെ, അഞ്ച് ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ ‘ബ്ലെസ്’ ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
ഗോകുലം ഗ്രൂപ്പ് 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കൂടുതൽ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇ.ഡി അറിയിച്ചു.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.2022-ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിയമം (പി.എം.എൽ.എ) എന്നിവ പ്രകാരമാണ് ഇ.ഡിയുടെ നടപടികൾ.
1000 കോടിയുടെ ചട്ട ലംഘനമുണ്ടായെന്നാണ് അനുമാനം. ഗോകുലം ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസുകൾ, വിദേശ സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് സംഘം ലക്ഷ്യമിടുന്നത്. ഗോപാലന്റെ വിവിധ കമ്പനികൾ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു. 2017 ലും 2023 ലും ആദായനികുതി വിഭാഗം ‘ഗോകുല’ത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായ നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം.