Friday, April 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവഖഫ് ബില്ലിന് പിന്നാലെ ആർഎസ്എസ് ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു; രാഹുൽ ഗാന്ധി

വഖഫ് ബില്ലിന് പിന്നാലെ ആർഎസ്എസ് ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു; രാഹുൽ ഗാന്ധി

വഖഫ് ബില്ലിന് പിന്നാലെ ആർഎസ്എസ് ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്ന വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായിയുമടക്കമുള്ളവർ രംഗത്ത്. വഖഫ് ഭേദഗതി ബിൽ ഭാവിയിൽ മറ്റ് സമുദായങ്ങളെയും ലക്ഷ്യമിടാനുള്ള ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നുവെന്നും ആർ.എസ്.എസ് തങ്ങളുടെ ശ്രദ്ധ ക്രിസ്ത്യാനികളിലേക്ക് തിരിക്കാൻ അധികം സമയമെടുത്തില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർ എസ് എസ് മുഖപത്രമായ ‘ഓർഗനൈസറി’ന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതും പിന്നീട് പിൻവലിച്ചതുമായ ലേഖനം ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമനിര്‍മ്മാണം നടത്തേണ്ടത് ഭരണഘടന അനുസരിച്ചാകണം. വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിനെതിരായ ശക്തമായ ആക്രമണമാണ്. മുനമ്പം വിഷയം ന്യായമാണ്. അത് പരിഹരിക്കണമെന്നാണ് ആദ്യം മുതലുള്ള കോണ്‍ഗ്രസിന്റെ നിലപാട്. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും കെ സി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com