തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി പറയാനില്ല. എനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ല. ഇനിയെല്ലാവരും അനുഭവിച്ചോട്ടെ. തെരഞ്ഞെടുപ്പ് വേളയിലെ എന്റെ പ്രസംഗം കേട്ട് അന്ന്, പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കൊ പറഞ്ഞതെന്ന്. ഇപ്പോൾ കാര്യം മനസിലായില്ലെയെന്ന് ഗണേഷ് കുമാർ ചോദിച്ചു. ഇപ്പോൾ അദ്ദേഹത്തിനെന്തോ കുഴപ്പം എന്ന് പറയുന്നവരോട് സുരേഷ് ഗോപിക്കല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂർകാർക്കാണ്.
കമ്മീഷണർ ഇറങ്ങിയ കാലത്ത് തന്നെ പലതും കാണിച്ചു നടന്നു. അക്കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തമാശപറഞ്ഞതല്ല. ആർക്കെങ്കിലും ഓർമ്മകാണും. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനൊന്നുമല്ലല്ലോ കട്ട് പറയാൻ. ഇനി ജനം പറഞ്ഞോളുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.