കൊച്ചി : സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് ഗായകൻ എം.ജി. ശ്രീകുമാർ. തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 9 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോൺക്ലേവില്‍ പങ്കെടുക്കാൻ എം.ജി. ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു.
എം.ജി. ശ്രീകുമാറിന്റെ കൊച്ചി ബോൾഗാട്ടിയിലുള്ള വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും തുടർന്ന് ഗായകൻ ഇതിന്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്ത സംഭവം വലിയ ചർച്ചയായിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ കായലിൽ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി.ശ്രീകുമാർ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തിയയാളെയും കോൺക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്.
എം.ജി. ശ്രീകുമാറുമായി താൻ സംസാരിച്ചിരുന്നെന്ന് എം.ബി.രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തിൽ മാതൃകയെന്ന നിലയിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. തുടർന്നാണ് അദ്ദേഹത്തെ വൃത്തി കോൺക്ലേവിലേക്ക് ക്ഷണിച്ചത്.