Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികൾ; പണ സമാഹരണം ലക്ഷ്യത്തിനരികെ

റഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികൾ; പണ സമാഹരണം ലക്ഷ്യത്തിനരികെ

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിനായി 30 കോടി രൂപ സമാഹരിച്ചു. ഇനി വേണ്ടത് നാല് കോടി രൂപ മാത്രം. ഇതിനായി നാട്ടിലും വിദേശത്തുമുള്ള കരുണയുള്ളവര്‍ കൈകോര്‍ക്കുകയാണ്. റഹീമിനെ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആഗോള മലയാളി സമൂഹം. അതുകൊണ്ട് തന്നെ റഹീമിനായി മലയാളികളുടെ സംഘടിത പരിശ്രമമാണ് നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 കോടി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കിയാല്‍ റഹീമിന് നാടണയാം. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്.

മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി.

റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ദിയാപണമായ 33 കോടി രൂപ കണ്ടെത്താന്‍ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments