ചെന്നൈ: നാല് കൊല്ലമായി ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ ഒറ്റയടിക്ക് നിയമമായപ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കൂടിയാണ് തമിഴ്നാട് എഴുതിച്ചേർത്തത്. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമം ആകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്. 2020 മുതൽ ഗവർണർ ആർ എൻ രവി തടഞ്ഞുവച്ച 10 ബില്ലുകളാ് ഇന്ന് തമിഴ്നാട്ടിൽ ഒറ്റയടിക്ക് നിയമമായി. സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതി ബില്ലുകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ബില്ലുകൾ നിയമമാക്കാൻ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പിനായി സ്റ്റാലിൻ സർക്കാർ കാത്തുനിന്നില്ല. സുപ്രീം കോടതി ഉത്തരവ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തതിന് പിന്നാലെയാണ് സർക്കാർ ചരിത്രപരമായ വിജ്ഞാപനം പുറത്തിറക്കിയത്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഇന്ന് നിയമമായവയെല്ലാം.
അതിനിടെ കേരളത്തിൽ നിന്നുള്ള വാർത്ത ബില്ലുകളിൽ തീരുമാനത്തിന് സമയപരിധി വെച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച ഗവർണർ ആർലേക്കർക്കെതിരെ സി പി എമ്മും സി പി ഐയും വിമർശനവുമായി രംഗത്തെത്തി എന്നതാണ്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ഗവർണർ ബി ജെ പിയുടെ കണ്ണട മാറ്റണമെന്നായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം