തൃശൂർ: വിവാദമായതോടെ സുരേഷ് ഗോപിയെ പുകഴ്‌ത്തിയുള്ള പ്രസ്‌താവന തിരുത്തി തൃശൂർ മേയർ എംകെ വർഗീസ്. തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയായ സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാണെന്നാണ് എംകെ വർഗീസ് പറഞ്ഞത്. കോർപ്പറേഷന് പ്രഖ്യാപിച്ച പണം മുഴുവനും നൽകി. ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായതോടെ, സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് എംകെ വർഗീസ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവച്ച എംകെ വർഗീസ് സിപിഎമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷനിൽ മേയറായത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ, കോൺഗ്രസ് വിമതനായ വർഗീസിനെ മേയറാക്കി ഭരണം പിടിച്ചതായിരുന്നു എൽഡിഎഫ്. പിന്നീട് സ്ഥാനമൊഴിയാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും എംകെ വർഗീസ് രാജിവയ്‌ക്കില്ലെന്ന നിലപാടിലുറച്ചുനിന്നു.
സിപിഎമ്മാണ് വർഗീസുമായി സംസാരിച്ച് അദ്ദേഹത്തിന് പദവി നൽകിയത്. ഒരു വോട്ടിന്റെ ബലത്തിൽ വർഗീസ് മേയറായി. രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ സ്ഥാനമൊഴിയാൻ വർഗീസിനോട് പറയാനാകും എന്നായിരുന്നു സിപിഎം പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യം നേരത്തേ സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. ആ സമയം പൂർത്തിയാക്കിയതോടെയാണ് സ്ഥാനമൊഴിഞ്ഞ് മുന്നണിക്കൊപ്പം നിൽക്കണമെന്ന സൂചന നൽകിയത്. എന്നാൽ ഇത് വർഗീസ് കയ്യോടെ തള്ളി. ഒഴിയേണ്ടിവന്നാൽ താൻ എൽഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
55 അംഗ കൗൺസിലിൽ എൽഡിഎഫിന് എംകെ വർഗീസ് അടക്കം 25 പേരുടെ പിന്തുണയുണ്ട്. യുഡിഎഫിനെ 24 പേർ തുണയ്ക്കുന്നു. 6 പേർ ബിജെപി അംഗങ്ങളാണ്. ഒരാളുടെ പിന്തുണ കുറഞ്ഞാൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ വർഗീസിന്റെ ആവശ്യത്തിന് മുന്നിൽ സിപിഎം നേതൃത്വം മുട്ടുമടക്കുകയായിരുന്നു.