മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ വാദം ഹൈക്കോടതി തള്ളി. ഇഡി സമൻസിനെതിരായ ശശിധരൻ കർത്ത നൽകിയ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് മുന്നിൽ ഹാജരാകണം. ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ശശിധരൻ കർത്ത ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.
കേസിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനാൽ ഇഡി അന്വേഷണത്തിന് നിലനിൽപ്പില്ലെന്നായിരുന്നു സിഎംആർഎല്ലിന്റെ വാദം. എന്നാൽ ഈ ഘട്ടത്തിൽ കോടതി അന്വേഷണത്തിൽ ഇടപെടരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ആരെയും ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. പിന്നാലെയാണ് ശശിധരൻ കർത്തക്ക് കൂടി നോട്ടീസ് അയച്ചിരിക്കുന്നത്. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ശശിധരൻ കർത്തയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ അന്വേഷണം മറ്റുള്ളവരിലേക്ക് നീളുകയുള്ളൂവെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.