61 –ാം ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ പെരുമഴയിൽ ശയനപ്രദിക്ഷണം നടത്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. CPO റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാൻ ഇരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്. സർക്കാരിന്റെ അനീതിക്ക് എതിരായ പ്രതിഷേധം തുടരണമെന്ന് സമരപ്പന്തലിൽ എത്തിയ KPCC ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. റാങ്ക് ലിസ്റ്റ് കഴിയുന്നതോടെ വഴിമുട്ടിയ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ.
ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ ഗതികെട്ടിരിന്നപ്പോഴാണ് മഴ പെയ്തത്. പ്രതീക്ഷയുടെ അവസാന സമരം എന്നോണം പെരുമഴയത്ത് CPO ഉദ്യോഗാർത്ഥികൾ സമരം നടത്തി. രണ്ടുമാസമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്തു വരികയാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. പുല്ലുതിന്നും , മുട്ടിൽ ഇഴഞ്ഞും, ശയനപ്രദിക്ഷണം നടത്തിയും ഒക്കെ സമരം ചെയ്തു.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം എന്നാണു സമരം ചെയ്യുന്നവരുടെ ആവശ്യം. പരിഹാരം ആയില്ലെങ്കിൽ സമരം ശക്തിപ്പെടുത്താൻ ആണ് തീരുമാനം.
സമരത്തിനിടെ നേരത്തെ സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന റോഡ് ഉപരോധം സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗാർത്ഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗാര്ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ പ്രതികരിക്കാതെ ആയതോടെ വഴിമുട്ടി നിൽക്കുകയാണ് ഇവർ.