സുമനസുകളുടെ സഹായത്താല്‍ സൗദി ജയിലില്‍ നിന്ന് അബ്ദു റഹീമിനെ മോചിപ്പിക്കാന്‍ വഴിയൊരുങ്ങിയതോടെ ഫറോക്കിലെ വീട്ടില്‍ ജീവശ്വാസം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു ഉമ്മ. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ 18 വര്‍ഷത്തിനുശേഷം മടങ്ങിയെത്തുമെന്ന വാര്‍ത്തയെ ഏറെ ആഹ്ലാദത്തോടെയാണ് റഹീമിന്റെ ഉമ്മ ഫാത്തിമ സ്വീകരിച്ചത്. സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫാത്തിമ പറഞ്ഞു. ഇത്രവേഗത്തില്‍ 34 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് റഹീമിന്റെ ഉമ്മ പറഞ്ഞു. മകന്‍ എത്തിച്ചേരുമ്പോഴേ എന്റെ ആഘോഷങ്ങളെല്ലാം തുടങ്ങൂ. ദുഃഖങ്ങളെല്ലാം നീങ്ങിയെന്നും ഇനി സന്തോഷത്തിന്റെ സമയമാണെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. (abdul rahim mother response after 34 crore fund raising finished to save Rahim from saudi jail)
റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കി എംബസി വഴി സൗദിയിലെത്തിക്കും.. തുടര്‍ന്നാകും തുക പ്രതിഭാഗത്തിന് കൈമാറുക. ഒരു മാസത്തിനകം ജയില്‍ മോചിതനായ ശേഷം അബ്ദുറഹീമിന് നാട്ടിലെത്താന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.
34 കോടി സമാഹരിക്കാനുള്ള മഹാദൗത്യത്തില്‍ നന്മയുള്ള മനുഷ്യര്‍ക്കൊപ്പം ട്വന്റിഫോറും കൈകോര്‍ക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ മോചിപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ മലയാളികള്‍ക്ക് ദൗത്യം പൂര്‍ത്തീകരിക്കാനായി. ജിദ്ദയില്‍ ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചും പണം സമാഹരിച്ചിരുന്നു. ഒരാഴ്ചയിലേറെയായി തുടര്‍ച്ചയായ വാര്‍ത്തകളും അപ്‌ഡേറ്റുകളും നല്‍കി ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്തയെ സജീവമാക്കി നിര്‍ത്തി. റഹീമിന്റെ മോചനത്തിനായി ഇനി വേണ്ടുന്ന തുക പൊതുജനങ്ങളെ 24 നിരന്തരം ഓര്‍മിപ്പിച്ചതിന്റെ കൂടി ഫലമായാണ് ധനസമാരണ പ്രക്രിയ വേഗത്തിലായത്.
കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.