ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ 84 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന കൂടാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇവരിൽ മൂന്നുകുട്ടികളുണ്ട്. ജബാലിയയിൽ ഒരു കുടുംബത്തിലെ 19പേർ കൊല്ലപ്പെട്ടു. ഹമാസ് പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു.
ഗസ്സയിൽ ആളപായം കൂട്ടാൻ മാരക ശേഷിയുള്ള ബോംബുകൾ ഇസ്രായേൽ സേന ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം, ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം രണ്ടുമാസമാകവേ ഗസ്സയിലെ ഭക്ഷ്യശേഖരം പൂർണ്ണമായും തീർന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം വെളിപ്പെടുത്തി.ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കണമെന്ന് ഗസ്സയുടെയും ലോകത്തിന്റെയും അഭ്യർഥന മാനിക്കാതെയാണ് ഇസ്രായേൽ ഉപരോധവും ആക്രമണവും.



