പത്തനംതിട്ട:
അൽഷിമേഴ്സ് ബാധിതനും കിടപ്പുരോഗിയുമായ വയോധികനെ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ച ഹോം നേഴ്സിനെ കൊടുമൺ പോലീസ് പിടികൂടി. കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്കര വിലാസത്തിൽ വിഷ്ണു(37) ആണ് അറസ്റ്റിലായത്. പന്തളം തെക്കേക്കര തട്ട പറപ്പെട്ടി സായി വീട്ടിൽ (സന്തോഷ് ഭവനം )ശശിധരൻ പിള്ള (60)യാണ് ക്രൂരമർദ്ദനത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രോഗിയായ ഇദ്ദേഹത്തിന്, പരിചരിക്കാൻ നിർത്തിയ ഹോംനേഴ്സിൽ നിന്നും മർദ്ദനമേറ്റത്.
മറവിരോഗത്താലും മറ്റം പ്രയാസം അനുഭവിക്കുന്ന ശശിധരൻ പിള്ള ഏഴ് വർഷമായി കിടപ്പിലാണ്. ബിഎസ്എഫിൽ നിന്നും വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജൻസി മുഖാന്തരം ഒന്നരമാസം മുമ്പാണ് വിഷ്ണുവിനെ നിയോഗിച്ചത്. തഞ്ചാവൂരിൽ ഗവൺമെന്റ് സർവീസിൽ അധ്യാപികയായ ഭാര്യ എം എസ് അനിത ഏർപ്പെടുത്തിയ ഹോംനേഴ്സിനോട്, ഭർത്താവിനെ നല്ലവണ്ണം നോക്കണമെന്നും, വീട്ടിൽ നിന്നും പുറത്തു പോയാൽ പെട്ടെന്ന് തിരിച്ചുവരണമെന്നും പറഞ്ഞതിലുള്ള വിരോധം കാരണമാണ് ഇയാൾ വയോധികനെ മർദ്ദിച്ച് അവശനാക്കിയത്. കിടപ്പുമുറിയിൽ വച്ച് വടികൊണ്ട് മുഖത്ത് കുത്തിയതു കാരണം ഇടതു കണ്ണിനു താഴെ അസ്ഥിക്ക് പൊട്ടലുണ്ടായി.
ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടതുമുട്ടിന് താഴെ മുറിവും, തറയിൽ തള്ളിയിട്ടു വലിച്ചത് കാരണം മുതുകിന് ചതവും സംഭവിച്ചു. തുടർന്ന് ഇദ്ദേഹം അബോധാവസ്ഥയിലായി. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഐസുയു വിൽ ചികിത്സയിലാണ്.ഏകമകൾ ആര്യ എം ബി ഏക്ക് ആലുവയിൽ പഠിക്കുന്നു. 23 ന് 2 40 ഓടെ വീട്ടിലേക്ക് അനിത ഫോൺ വിളിച്ചപ്പോൾ അസ്വഭാവികമായ ബഹളം കേട്ടു. തുടർന്ന് അയൽവാസിയെ വിളിച്ച് അറിയിച്ചു. അവർ വീട്ടിലെത്തി നോക്കിയപ്പോൾ ശശിധരൻപിള്ളയുടെ മുഖത്തും ശരീരത്തിലും പാടുകൾ കണ്ടു കാര്യം തിരക്കി. തറയിൽ വീണ് സംഭവിച്ചതാണെന്ന് വിഷ്ണു മറുപടി പറഞ്ഞു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോൾ വിഷ്ണു ശശിധരൻ പിള്ളയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.ഉടൻ തന്നെ കൊടുമൺ പോലിസിൽ വിവരം അറിയിച്ചതു പ്രകാരം, പോലീസ് നടപടികൾ സ്വീകരിക്കുകയായിരുന്നു.
അനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുനിന്നും പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്തു കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴിപ്രകാരം, വീടിന്റെ അടുക്കളയിലെ മുകളിലെ സ്‌ലാബിൽ കൂട്ടിവെച്ച ചാക്കുകൾക്കിടയിൽ നിന്നും വടിയും ബെൽറ്റും പോലീസ് കണ്ടെടുത്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തിൽ എസ് ഐ വിപിൻ കുമാർ, എസ് സി പിമാരായ കിരൺ കുമാർ, തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.



