തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 750 പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ ശ്രമിക്കുകയാണ്. പ്രദേശത്തുണ്ടായ ശക്തമായ കാറ്റ് തീപിടുത്തത്തിന്റെ തീവ്രത വർധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ സ്ഫോടനത്തിന്റെ ശബ്ദം ഏകദേശം 50 കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടിരുന്നു.
ഇന്നലെയാണ് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയുള്ള ബന്ദർ അബ്ബാസ് നഗരത്തിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ 20 കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളും ഓഫീസുകളും അടച്ചു പൂട്ടാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ആഘാത തരംഗം വളരെ ശക്തമായിരുന്നതിനാൽ മിക്ക തുറമുഖ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.



