വടകര: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബോംബ് നിര്‍മിച്ചത് സി.പി.എം. ജില്ലാ-സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് ആരോപിച്ച ഷാഫി, സ്‌ഫോടകവസ്തു നിയമത്തിലെ നിസ്സാരവകുപ്പുകള്‍ മാത്രം ചുമത്തിയാണ് പോലീസ് കേസെടുത്തതെന്നും പരാതിയില്‍ പറയുന്നു.
‘പരിക്കേറ്റ ഒരാള്‍ മരിച്ച ശേഷം മാത്രമാണ് കൊലപാതകക്കുറ്റമെങ്കിലും ചുമത്താന്‍ തയാറായത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നതിന്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയിട്ടും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണത്തേക്കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയേക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറാകുന്നില്ല’, ഷാഫി പറമ്പില്‍ പരാതിയില്‍ ആരോപിച്ചു.