ന്യൂഡൽഹി: റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയും ഫ്രാൻസും ഒപ്പുവെയ്ക്കും. 26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് തിങ്കളാഴ്ച ഔദ്യോഗികമായി ഒപ്പുവെക്കുന്നതെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവെയ്ക്കുക.
ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ-എം വിമാനങ്ങൾ വാങ്ങുന്നതിന് 2025 ഏപ്രിൽ 9ന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 22 സിംഗിൾ സീറ്റർ, നാല് ട്വിൻ സീറ്റർ ജെറ്റുകൾ എന്നിവ വാങ്ങാനാണ് അനുമതി നൽകിയത്. ഫ്ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ പിന്തുണ, വ്യക്തിപരമായ പരിശീലനം, തദ്ദേശീയ ഘടകങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള സമഗ്രമായ സ്യൂട്ടും കരാറിൻ്റെ ഭാഗമാണ്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം ഡൽഹിയിലെ നൗസേന ഭവനിൽ കരാർ സംബന്ധിച്ച ഔപചാരിക പ്രഖ്യാപന ചടങ്ങ് നടക്കും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയുടെ ഭാഗമായിട്ടാവും നൂതന റാഫേൽ-എം യുദ്ധവിമാനങ്ങൾ എത്തിച്ചേരുക. ഇതോടെ ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ഭീഷണികളെ ചെറുക്കാനുള്ള നാവിക സേനയുടെ കരുത്ത് ഇതിലൂടെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



