രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന ഇന്ത്യൻ നിലപാടിനിടെ സന്ദര്‍ശനങ്ങൾ മാറ്റിവച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. മെയ് ആദ്യവാരം നടക്കാനിരുന്ന റഷ്യൻ സന്ദര്‍ശനം പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. പിന്നാലെ മെയ് 5 മുതൽ ഒമ്പത് വരെ രാഷ്ട്രപതി നടത്താനിരുന്ന ഷിംല സന്ദര്‍ശനവും മാറ്റിവച്ചു.
പഹൽഗാമിൽ ഇന്ത്യ തിരിച്ചടിക്ക് നീക്കം ശക്തമാക്കുന്നുവെന്ന സൂചനകൾക്കിടെയാണ് യാത്രാ പരിപാടികളിലെ മാറ്റം. അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയായിരുന്നു പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു.



