ദില്ലി: ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലാണ് പരീക്ഷിച്ചത്. 450 കിലോമീറ്റർ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമെന്ന് സൂചന കിട്ടിയപ്പോൾ തന്നെ പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, പാക് പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാക് തീരത്തേക്ക് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇതിനായുള്ള ഉത്തരവിറക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കരനാവികവ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റൺവേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്30 , മിഗ്29, ജാഗ്വാർ, എഎൻ32 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ്, സി130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. രാത്രി ലാൻഡിംഗും വിജയകരമായി പൂർത്തിയാക്കി. അതേസമയം, അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്.
വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം. പടക്കോപ്പുകൾ അതിർത്തിപ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയ്യാറാണെന്ന സന്ദേശം സേന നൽകികഴിഞ്ഞു. പാക്ക് സൈന്യത്തിൽ നിന്നും എന്തെങ്കിലും നീക്കമുണ്ടായാൽ കനത്ത തിരിച്ചടിയ്ക്കാണ് നിർദ്ദേശം. ഇതിനിടെ 2023ൽ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലായ രണ്ട് ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. ജമ്മു ജയിലുള്ള നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഐഎസ്‌ഐ ഉൾപ്പെടെ പാക് ഏജൻസികൾക്കുള്ള പങ്ക് എൻഐഎ നേരത്തെ ശേഖരിച്ചിരുന്നു.
ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ
RELATED ARTICLES



