ന്യൂഡൽഹി: മണിപ്പൂർ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷമായിട്ടും സംസ്ഥാനം സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മൂന്ന് വർഷത്തിനിടെ 44 തവണ വിദേശ സന്ദർശനം നടത്തിയ മോദി ഒരി നിമിഷം പോലും മണിപ്പൂരിൽ ചെലവഴിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭരണ ധർമം’ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. എക്സിലൂടെയാണ് ഖാർഗെയുടെ പ്രതികരണം.
2023 മെയ് മൂന്നിന് ആരംഭിച്ച അക്രമം ഇപ്പോഴും തുടരുന്നു. രണ്ട് ദിവസം മുമ്പ്, തമെങ്‌ലോങ് ജില്ലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 25 പേർക്ക് പരിക്കേറ്റു. കലാപത്തിൽ ഇതുവരെ 260ലേറെ പേർ കൊല്ലപ്പെടുകയും 68,000ലേറെ പേർ കുടിയിറക്കപ്പെടുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നതെന്നും ഖാർഗെ പറഞ്ഞു.



