കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പിവിആർ. ഫെഫ്കയുമായി വൈകിട്ട് നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകില്ലെന്ന് ഫെഫ്ക പ്രതിനിധികൾ അറിയിച്ചതോടെയാണ് പിവിആർ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
മലയാള സിനിമകൾ രാജ്യത്തെ എല്ലാ പിവിആർ സ്‌ക്രീനിലും പ്രദർശിപ്പിക്കണമെന്നായിരുന്നു ഫെഫ്കയുടെ ആവശ്യം. എം.എ യൂസഫലി ഇടപെട്ടട്ടതോടെയാണ് ആവശ്യങ്ങൾ ഫലം കണ്ടതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. പിവിആർ പ്രതിനിധികളുമായി സംസാരിച്ച് തർക്കമുള്ള രണ്ട് സ്‌ക്രീനുകളിലൊഴികെ എല്ലാ സ്‌ക്രീനുകളിലും മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ ശക്തമായ ഇടപെടലിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ ബ്ലെസി രംഗത്തെത്തി. സിനിമാ മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് പിവിആർ മലയാള സിനിമകളോട് നിസ്സഹകരണം കാണിച്ചത്. പിന്നാലെ ഏപ്രിൽ 11 റിലീസ് ചെയ്ത മൂന്ന് മലയാള സിനിമകളും പ്രദർശിപ്പിക്കില്ലെന്ന് പിവിആർ അറിയിച്ചു. അന്നേ ദിവസം റിലീസ് ചെയ്ത ജയ് ഗണേഷ്, ആവേശം, വർഷങ്ങൾക്കു ശേഷം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും പിവിആർ അറിയിച്ചു.
പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നായിരുന്നു ഫെഫ്കയുടെ വിമർശനം. പ്രദർശനം നിർത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി സിനിമകൾ നൽകില്ലെന്നും ഫെഫ്ക പ്രതിനിധികൾ രാവിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു
പരീഷാ കാലത്തിന് ശേഷം മലയാളത്തിൽ നിന്നും വമ്പൻ റിലീസുകൾ ഉണ്ടായത് ഏപ്രിലിൽ ആയിരുന്നു. പിവിആറിന്റെ തീരുമാനത്തിലൂടെ മലയാള സിനിമാ വ്യാവസായത്തിൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യുന്ന മൾട്ടിപ്ലെക്‌സ് ശൃംഖലയാണ് പിവിആർ.