ബർലിൻ: ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ നേതാവായ ഫ്രെഡറിക് മെർസ് ജർമനിയുടെ അടുത്ത ചാൻസലർ. സ്ഥാനമൊഴിയുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒലാഫ് ഷോൾസിന് പകരമാണ് അദ്ദേഹം പദവിയിലെത്തുന്നത്. രണ്ടാം ലോക യുദ്ധത്തിനുശേഷം ജർമനിയുടെ ചാൻസലർ പദവി അലങ്കരിക്കുന്ന പത്താമത്തെ വ്യക്തിയാണ് അറുപത്തൊമ്പതുകാരനായ മെർസ്.
ചാൻസലർ സ്ഥാനത്തേക്ക് ചൊവ്വാഴ്ച ജർമൻ പാർലമെന്റിൽ നടന്ന രണ്ടാം വട്ട വോട്ടെടുപ്പിലാണ് ഫ്രെഡറിക് മെർസ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ റൗണ്ടിൽ ചരിത്രപരമായ തോൽവി ഏറ്റുവാങ്ങിയതോടെ മണിക്കൂറുകൾക്ക് ശേഷം വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം വട്ടത്തിൽ 630 പാർലമെന്റ് അംഗങ്ങളിൽ 325 പേർ മെർസിന് അനുകൂലമായി വോട്ട് ചെയ്തു.



