ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് വെള്ളം നല്‍കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എബിപി നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ്, ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്. അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യും- മോദി പറഞ്ഞു.



