Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘വടക്കനായ സുധാകരനെ വെട്ടാൻ തെക്കർ ഒരുമിക്കുന്നു’ ;കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് കെ. സുധാകരനെ മാറ്റുന്നുവെന്ന...

‘വടക്കനായ സുധാകരനെ വെട്ടാൻ തെക്കർ ഒരുമിക്കുന്നു’ ;കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് കെ. സുധാകരനെ മാറ്റുന്നുവെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് കെ. സുധാകരനെ മാറ്റുന്നുവെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോണ്‍ഗ്രസില്‍ ‘ഓപറേഷന്‍ സുധാകർ’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.സുധാകരന്‍റെ നേതൃത്വത്തിൽ ഗംഭീര വിജയങ്ങൾ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാൻ പോകുമ്പോൾ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോൽക്കുമെന്ന് കരുതിയ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചു.

സഭക്ക് വഴങ്ങിയാൽ കോൺഗ്രസ് മൂന്നാമത്തെ കേരള കോൺഗ്രസ് ആയി മാറും. കോൺഗ്രസ് മതേതര പാർട്ടിയാണെന്ന് പറയുകയും ആന്‍റോ ആന്‍റണിയെ പ്രമോട്ട് ചെയ്തിട്ടില്ലെന്ന് സഭ പറയുകയും ചെയ്യുന്നു. ഇതിന്‍റെ കളി എന്താണെന്ന് അറിയില്ല. ആന്‍റോ ആന്‍റണി നാലുവട്ടം ജയിച്ച പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസുകാരൻ ജയിച്ചിട്ടുണ്ടോ?.എ.കെ. ആന്‍റണിയുടെ മകൻ മത്സരിച്ചില്ലായിരുന്നെങ്കിൽ ഒരു ലക്ഷത്തിൽപരം വോട്ടിന് ആന്‍റോ ആന്‍റണി പരാജയപ്പെട്ടേനെ. മൂന്നു ലക്ഷം വോട്ട് തോമസ് ഐസക്ക് പിടിച്ചു. ആന്‍റോ ജനപ്രിയനോ ജനസ്വാധീനമോയുള്ള ആളല്ല. എ.കെ. ആന്‍റണിയുടെ മകനാണ് ആന്‍റോയുടെ ഐശ്വര്യം. ആന്‍റോയുടെ സഹോദരങ്ങൾ നേതൃത്വം നൽകുന്ന സൊസൈറ്റി കൊള്ളയടിച്ച് ജനങ്ങളെ ചതിച്ചെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഫോട്ടോ കണ്ടാൽ പോലും അറിയാത്ത മറ്റൊരാളുടെ പേരും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. രണ്ടുപേരും ക്രൈസ്തവരാണ്. കോൺഗ്രസിന്‍റെ സർവനാശം അടുത്തു. ചതിയിൽപ്പെടുമെന്ന് സുധാകരനോട് താൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്നെ ചതിക്കാൻ ആരും വരില്ലെന്നാണ് അന്ന് സുധാകരൻ മറുപടി നൽകിയത്. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ തല്ലിക്കൊണ്ടത് തെക്കനെയാണെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്.തെക്കനായ നാട്ടുകാർ ഒരിക്കലും തീയ്യനായ സുധാകരനെ വാഴാൻ അനുവദിക്കില്ല. അനുഭവം കൊണ്ട് കാണാമെന്നും താനന്ന് പറഞ്ഞിരുന്നു. വടക്കനായ സുധാകരനെ വെട്ടാൻ തെക്കരായ ആളുകൾ ഒരുമിച്ച് നിൽക്കുകയാണ്. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് ശരിയാണെന്ന് തെളിഞ്ഞെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments