ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’നും വെടിനിർത്തലിനും ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഇന്ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് ഏഴിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനെ ശിക്ഷിച്ചതിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യ ഇന്ന് പുറത്തുവിട്ടിരുന്നു. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യതയോടെ മിസൈൽ ആക്രമണം നടത്തി. ഇതിൽ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജയ്ശെ മുഹമ്മദിന്‍റെയും ലശ്കറെ ത്വയ്യിബയുടെയും കമാൻഡിങ് സെന്‍ററുകളായി പ്രവർത്തിച്ച കേന്ദ്രങ്ങളാണിവ.
മേയ് ഒമ്പതിനും പത്തിനും ഇന്ത്യ പാകിസ്താനിൽ നടത്തിയ ആക്രമണം ഒരു ആണവരാജ്യത്തിന്‍റെ എയർ ഫോഴ്സ് ക്യാമ്പുകൾക്ക് നേരെയുണ്ടാകുന്ന ആദ്യ ആക്രമണമായിരുന്നു. മൂന്ന് മണിക്കൂറിനിടെ 11 ബേസ് ക്യാമ്പുകളാണ് തകർത്തത്. നൂർ ഖാൻ, റഫീഖി, മുരീദ്, സുക്കുർ, സിയാൽകോട്ട്, ചുനിയൻ, സർഗോധ, പസ്രൂർ, സ്കാരു, ഭൊലാരി, ജേകബാബാദ് എന്നിവയാണിത്. ഇവ ആക്രമിക്കുന്ന ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.



