ബെർലിൻ: ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രമണം മിഡിൽ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടതായി ജർമനി.
ശനിയാഴ്ച ഇറാൻ റവലുഷണറി ഗാർഡ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമയച്ചായിരുന്നു ഇസ്രായേലിൽ ആക്രണം നടത്തിയത്. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള ആക്രമണം.
ടെഹ്‌റാൻ “ഒരു പ്രദേശത്തെ മുഴുവൻ അരാജകത്വത്തിലേക്ക് തള്ളിവിട്ടു” എന്നും ഉടൻ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെ അപലപിച്ച് രംഗത്തുവന്നു. ഇസ്രായേലിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, എല്ലാ കക്ഷികളോടും, പ്രത്യേകിച്ച് ഇറാനോടും, കൂടുതൽ സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ചൈന സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
അതേസമയം, ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ തകർത്തതായി യുകെ പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. “നമ്മുടെ വിമാനങ്ങൾ ഇറാൻ്റെ നിരവധി ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” -യുകെ പ്രധാനമന്ത്രി പറഞ്ഞു.