കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ വിധിച്ച് തമിഴ്നാട് കോടതി. കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
2019ലാണ് പൊള്ളാച്ചിയിൽ ഒമ്പത് പ്രതികൾ ചേർന്ന് കോളേജ് വിദ്യാർഥിനിയെയും രണ്ട് സ്ത്രീകളെയും കൂട്ട ബലാത്സംഗം ചെയ്യുകയും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവിടുകയും ചെയ്ത സംഭവമുണ്ടായത്. 2016നും 2019നും ഇടയിലാണ് പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെ ഉണ്ടായിരുന്നു.തനിക്ക് സംഭവിച്ച ദുരനുഭവം തുറന്നു പറയാൻ 19 കാരിയായ പെൺകുട്ടി ധൈര്യം കാണിച്ചതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച പൊളളാച്ചി പീഡന കേസിലെ പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. പൊള്ളാച്ചി ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു.
കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം തടവ് നൽകണമെന്ന് സി.ബി.ഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സി.ബി.ഐ കോടതിയിൽ അറിയിച്ചു. പ്രതികളെ സേലം സെൻട്രൽ ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ രാവിലെ എട്ടരയോടെ കോടതിയിൽ എത്തിച്ചു. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സി.ബി.ഐ അഭിഭാഷകൻ പറഞ്ഞു.



