കണ്ണൂർ: കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് നീക്കിയതിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ. ദീപ ദാസ് മുൻഷി ഹൈകമാൻഡിന് നൽകിയ റിപ്പോർട്ടിനോട് വിയോജിപ്പുണ്ടെന്ന് സുധാകരൻ പറഞ്ഞു.ദീപ ദാസ് മുൻഷിയുമായി എനിക്ക് ഒരു തർക്കവുമില്ല. പക്ഷേ, അവർ എന്നെക്കുറിച്ച് ഹൈകമാൻഡിന് നൽകിയ റിപ്പോർട്ടിനോട് വിയോജിപ്പുണ്ട്. എന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്തിനാണ് അത്തരമൊരു റിപ്പോർട്ട് നൽകിയത്.
കുറച്ചുപേർ അവരെ തെറ്റിദ്ധരിപ്പിച്ചു കാണും. അതാരാണ് എന്ന് അറിയില്ല. സംശയമുള്ളവരെ കുറിച്ച് പറയാൻ താൽപര്യമില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി.ഡി.സി.സിയിലും മാറ്റം വേണമെന്ന് നിർബന്ധമൊന്നുമില്ല. നിലവിൽ മികച്ച ഡി.സി.സി പ്രസിഡന്റുമാരാണുള്ളത്. ഉദാഹരണത്തിന്, കണ്ണൂർ ജില്ല പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഏറ്റവും മികച്ച പ്രസിഡന്റാണ് അദ്ദേഹം. അദ്ദേഹം മതിയെന്നാണ് എന്റെ അഭിപ്രായം. എല്ലാവരെയും മാറ്റാനാണ് തീരുമാനമെങ്കിൽ അങ്ങനെയാവാം.
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂരിൽ തന്നെ മത്സരിക്കും. മണ്ഡലം പിടിച്ചെടുക്കും. നേതൃസ്ഥാനമില്ലെങ്കിലും ഞാൻ എന്റെ ഉത്തരവാദിത്തം നിർവഹിക്കും. അതിന് ഔദ്യോഗിക പദവി വേണ്ട. എനിക്ക് എന്റെ പ്രവർത്തകരെ മതി. അത് ഇഷ്ടംപോലെയുണ്ട്. പാർട്ടിയുടെ അംഗീകാരവും അഭിനന്ദനവുമൊന്നും എനിക്ക് വേണ്ട -കെ. സുധാകരൻ വ്യക്തമാക്കി.



