Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവം : ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവം : ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ വീട്ടുടമസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ആറ്റുകടവ് പേങ്ങാട്ടു പീടികയിൽ ബേബി എന്ന ജോബി അലക്സാണ്ടറെ(40) കൈക്കു ഗുരുതര പരിക്കുപറ്റി രക്തംവാർന്നു മരണപ്പെട്ട നിലയിൽ ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് പേങ്ങാട്ട്പീടികയിൽ റെജി പി രാജു(50)യുടെ വീട്ടിൽ വെള്ളിയാഴ്ച്ച രാവിലെയാണ്‌ കണ്ടത്. സംഭവത്തിൽ ഇയാളെയും, സുഹൃത്ത് റാന്നി പുതുശ്ശേരി മല, കരണ്ടകത്തുംപാറ ആഞ്ഞിലിപ്പാറ കുഞ്ഞാച്ചിയെന്ന് വിളിക്കുന്ന എ വി വിശാഖ്(29)നെയുമാണ് വിശദമായ ചോദ്യം ചെയ്യലിനെ തുടർന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കയ്യിൽ കരുതിയ കത്തികൊണ്ട് വെട്ടിയ വിശാഖ് ആണ് ഒന്നാം പ്രതി, റെജി രണ്ടാം പ്രതിയും.
വ്യാഴം വൈകിട്ട് നാലിനും ഇന്നലെ രാവിലെ 6.30 നുമിടയ്ക്കാണ് റെജിയുടെ പേങ്ങാട്ടു പീടികയിൽ വീട്ടിൽ സംഭവം നടന്നത്. കൊല്ലപ്പെട്ട ജോബിയും റെജിയും ബന്ധുക്കളാണ്, റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം ഇവർ ഒരുമിച്ച് വൈകിട്ട് നാലോടെ റെജിയുടെ വീട്ടിലെത്തി. തുടർന്ന്, മദ്യപാനത്തിൽ ഏർപ്പെട്ടു, വസ്തുവിന്റെ വീതത്തെപ്പറ്റി സംസാരിച്ച് തർക്കമുണ്ടായി. പിന്നീടുണ്ടായ സംഭവവികാസത്തിലാണ് ജോബിയുടെ വലതുകൈത്തണ്ടയിൽ മാരകമായി പരിക്കേറ്റത്.രാവിലെ 6.30 ഓടെ വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
റെജി രാവിലെ 6:30 ഓടെ വാർഡംഗം ശ്രീജമോളെ ഫോണിൽ വിളിച്ച് ഇയാളുടെ വീടിന്റെ ഹാളിനുള്ളിൽ ജോബി അലക്സാണ്ടർ രക്തം വാർന്നു കിടക്കുകയാണെന്ന വിവരം അറിയിച്ചു. മെമ്പർ പോലീസിൽ വിളിച്ച് അറിയിച്ചയുടനെ റാന്നി എസ്ഐ റെജി തോമസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ആർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ വീട്ടിന്റെ ഉടമസ്ഥനും മരണപ്പെട്ട ജോബിയുടെ ബന്ധവുമായ റെജിയെ സ്റ്റേഷനിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്തു. റെജിയുടെ അമ്മാവന്റെ മകനായ ജോബി, റാന്നി കരികുളത്ത് ഭാര്യ അൻസുവും, രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്നതായും, 15 ന് റെജിയുടെയും ജോബിയുടെയും ബന്ധുവായ റോണി എന്ന ആളുടെ ശവസംസ്കാര ചടങ്ങുകൾക്കായി പേങ്ങാട്ട് കടവിലുള്ള കാർമേൽ മാർത്തോമ പള്ളിയിൽ പോയതായും പോലീസിനോട് പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം ഇരുവരും റെജിയുടെ വീട്ടിൽ വച്ച് ഒന്നിച്ചു മദ്യപിച്ചതായും,ഇതിനിടെ ജോബിയുമായി നിലവിലുള്ള വസ്തു വീതം വയ്പ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ച് തർക്കത്തിൽ ഏർപ്പെടുകയും അടിപിടി ഉണ്ടാവുകയും ചെയ്തു. റെജിയുടെ വലതു ചെള്ളക്ക് അടിയേറ്റു. പ്രകോപിതനായ ഇയാൾ സുഹൃത്ത് വിശാഖിനെ ഫോണിൽ വിളിച്ചുവരുത്തി.
വൈകിട്ട് 5:30 ന് പള്ളിക്കമുരുപ്പ് ജംഗ്ഷനിലെത്തി, അവിടെ പർപ്പിടക നിർമ്മാണ കടയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി ഷഹീറിന്റെ കയ്യിൽ നിന്നും കടയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കത്തി വാങ്ങി. റെജിയുടെ വീട്ടിൽ ആറോടെ എത്തിയപ്പോൾ ജോബിയും റെജിയും തർക്കത്തിൽ ഏർപ്പെടുന്നതാണ് ഇയാൾ കണ്ടത്. ഇതിൽ ഇടപെട്ട വിശാഖ് ജോബിയുമായി പിടിവലികൂടി. കയ്യിൽ കരുതിയ കത്തി കൊണ്ട് വെട്ടുകയായിരുന്നു. രണ്ടുതവണ വെട്ടി വലതു കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേൽപ്പിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഇയാൾ സ്ഥലം വിടുകയായിരുന്നു. മുറിവേറ്റു അവശനായി നിലത്തുവീണ ജോബിക്ക് വൈദ്യസഹായം റെജി ലഭ്യമാക്കിയില്ല. രക്തം വാർന്ന് ജോബി മരണപ്പെടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
വിശാഖ് കത്തി കഴുകി വൃത്തിയാക്കി തിരികെ പർപ്പിടക കടയിൽ ഏൽപ്പിച്ചു. പരിക്ക് പറ്റിയ ജോബിയെ റെജി ആശുപത്രിയിൽ കൊണ്ടുപോകുവാൻ കൂട്ടാക്കുകയോ അയൽവാസികളെ വിവരം അറിയിക്കുകയോ, പോലീസിൽ വിവരമറിയിക്കുകയോ ചെയ്തില്ല. റെജിയും ജോബിയും തമ്മിൽ കുടുംബ വസ്തു വീതം വെച്ചതിനെ ചൊല്ലിയുള്ള സാമ്പത്തിക തർക്കങ്ങളും മറ്റും നിലവിലുണ്ടെന്നും ചോദ്യം ചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടു. കൊലപാതകത്തിൽ ജോബിയുടെ പങ്കു സംബന്ധിച്ച് വ്യക്തത വന്നതോടെ ഇയാളെ രണ്ടാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി.
കൊല്ലപ്പെട്ട ജോബിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു, ഭാര്യയും രണ്ടു മക്കളുമൊത്ത് കരികുളത്തു താമസിച്ചുവരികയായിരുന്നു. സ്ഥിരം മദ്യപാനിയും, ഭാര്യയുമായി വഴക്കുണ്ടാക്കുന്ന ആളുമായിരുന്നു.
അറസ്റ്റിലായ വിശാഖ് അവിവാഹിതനും, മാതാപിതാക്കൾക്കും രണ്ടു സഹോദരൻമാർക്കു മൊപ്പം പള്ളിക്കമുരുപ്പ്, കറണ്ടകത്തുംപാറയിൽ താമസിച്ചു വരികയുമാണ്. ഇയാൾക്ക് കൂലിപ്പണിയാണ്, ഇയാളുടെ പേരിൽ ആറന്മുള, റാന്നി, പെരുനാട് പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളാണുള്ളത്.
വീടിന്റെ ഉടമസ്ഥനായ റെജി വർഷങ്ങൾക്കു മുമ്പ് നടന്ന അപകടത്തിൽ വലതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റപെട്ടതിനെതുടർന്ന് വെപ്പുകാൽ ഘടിപ്പിച്ച നിലയിൽ കഴിയുന്നയാളാണ്. മാതാപിതാക്കൾ വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടതാണ്, തുടർന്ന് ഒറ്റയ്ക്ക് താമസിച്ചുവന്ന ഇയാൾ സ്ഥിരം മദ്യപാനിയും, കലഹ സ്വാഭാവിയായികാണപ്പെടുന്നയാളുമാണ്. നേരത്തെ കൃഷിപ്പണിയും ലോട്ടറി കച്ചവടവും ആയിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള കയ്യേറ്റത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ റാന്നി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവരെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം മെഡിക്കൽ ഓഫീസറെ കണ്ട് പോലീസ് സംഘം അഭിപ്രായം ശേഖരിച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. വിശാഖിന്റെ കുറ്റസമ്മതമൊഴി പ്രകാരം നടത്തിയ തെളിവെടുപ്പിൽ പപ്പടക്കടയിലെത്തി കത്തി കണ്ടെടുത്തു. ജീവനക്കാരൻ ഷെഹീർ പ്രതിയെ തിരിച്ചറിഞ്ഞു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ ആർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ റെജി തോമസ് എ എസ് ഐമാരായ അജു കെ അലി, സൂരജ് സി മാത്യു, ബിജു മാത്യു, എസ് സി പി ഒ സുമിൽ, സി പി ഒമാരായ ഗോകുൽ, അഞ്ചേലോ, സതീഷ് എന്നിവരാണ് ഉള്ളത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments