തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്. ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്നാണ് മാസപ്പടി കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സഹകരണ ബാങ്ക് അഴിമതികളും എടുത്ത് പറഞ്ഞായികുന്നു മോദിയുടെ പ്രസംഗം. സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാമാണ്. എന്നാൽ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കും. അഴിമതി നടത്തിയവരിൽ നിന്നും പണം തിരികെ പാവങ്ങൾക്ക് എത്തിക്കും. അഴിമതിക്കാർ മോദിയെ തടയാൻ ശ്രമിക്കുന്നുവെന്നും മോദി ഇവരെ പേടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയാണ്. കേരളത്തിലെ ഓരോ വീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.