Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

അബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു.

ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി.

തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീംകോടതി ശരി വെക്കുകയും വേണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോൾ 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്.

സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെ റിയാദിലെത്തിയതിന്റെ 28ാം നാളിൽ റഹീം ജയിലിലായി.

റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയിൽ വാസം 18 വർഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചർച്ചകൾക്കൊടുവിൽ ദിയ സ്വീകരിച്ച് മാപ്പുനൽകാൻ തയാറാണെന്ന് സൗദി കുടുംബം അറിയിച്ചു. തുടർന്നാണ് നാട്ടുകാർ മൂന്നാഴ്ചക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments