പത്തനംതിട്ട : ആഹാരം കഴിച്ചശേഷം പാർസൽ വാങ്ങിയ മൂന്നംഗ സംഘത്തിനോട് പണം ആവശ്യപ്പെട്ടപ്പോൾ ഹോട്ടൽ ഉടമയെ ക്രൂരമായി മർദ്ദിച്ച് മൂക്കിന്റെ അസ്ഥി തകർത്ത കേസിൽ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. പഴകുളം അൻഷാദ് മൻസിലിൽ അൻഷാദ് ( 26) ആണ് അറസ്റ്റിലായത്.
22 ന് രാത്രി 9 നാണ് സംഭവം, ഇയാളും സുഹൃത്തുക്കളായ രണ്ടുപേരും കടമ്പനാട് കല്ലുകുഴി പള്ളിവടക്കേതിൽ തടത്തിൽ പുത്തൻ വീട്ടിൽ ബിജു ജോർജ് നടത്തുന്ന ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. തുടർന്ന്, പാർസൽ ആവശ്യപ്പെട്ടു. ഭക്ഷണപ്പൊതി വാങ്ങി പണം നൽകാതെ ഇറങ്ങിപ്പോയപ്പോൾ ഇദ്ദേഹം പണം ആവശ്യപ്പെട്ടു. കടയുടെ മുന്നിലിരുന്ന ഉടമയെ കൂട്ടത്തിൽ ഒരാൾ തിരിച്ചുവന്ന് അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിൽ ആഞ്ഞുചവുട്ടി, പിന്നിലേക്ക് മറിഞ്ഞുവീണ ബിജുവിന്റെ മൂക്ക് പൊട്ടി രക്തം വന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മൂവരും ചേർന്ന് വളഞ്ഞിട്ട് തല്ലുകയും ചവിട്ടുകയുമായിരുന്നു.
ഹോട്ടലിന് മുന്നിൽ റോഡിലേക്ക് വീണപ്പോൾ മൂക്കിൽ പ്രതികളിലൊരാൾ കല്ലെടുത്തിടിച്ചു, തറയിലിട്ട് ചവിട്ടുകയും ചെയ്തു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. ബിജുവിനെ പിന്നീട് ആളുകൾ ആംബുലൻസ് വരുത്തി അതിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ ഉണ്ടായതായി പരിശോധനയിൽ വ്യക്തമായി. നെറ്റിയിലെ മുറിവിന് തുന്നലിട്ട ശേഷം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിച്ചു.
എന്നാൽ അടൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ ബിജു അടിയന്തിര ചികിത്സ തേടുകയായിരുന്നു. പിറ്റേന്ന് വീട്ടിലേക്ക് പോയ ഇദ്ദേഹം ഏനാത്ത് പോലീസിന് പരാതി നൽകി, എസ് സി പി ഓ സുനിൽ രാജ് മൊഴി രേഖപ്പെടുത്തി. എസ് ഐ ആർ ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ അൻഷാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു, പ്രതി കുറ്റം സമ്മതിച്ചു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കി. പോലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പാർസലിന്റെ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം : ഒരു പ്രതി പിടിയിൽ
RELATED ARTICLES



