ചെന്നൈ: ഉലകനായകൻ കമൽഹാസൻ രാജ്യസഭയിലേക്ക്. ഇക്കാര്യത്തിൽ ഡി.എം.കെയുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമൽഹാസന്റെ മക്കൾ നീതി മയ്യവും ഡി.എം.കെയും തമ്മിൽ ഇക്കാര്യം ചർച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കമലിന്റെ രാജ്യസഭ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
അൻപുമണി രാംദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം. മുഹമ്മദ് അബ്ദുല്ല, പി.വിൽസൺ, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂൺ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണൽ.234 അംഗ തമിഴ്നാട് നിയമസഭയിൽ34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാൻ വേണ്ട വോട്ടുകൾ. ഇത് പ്രകാരണം 159 നിയമസഭ സീറ്റുകളുള്ള ഡി.എം.ക്കെക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും. 62 എം.എൽ.എമാരുള്ള എ.ഐ.എ.ഡി.എം.കെ എടപ്പാടി പളനസ്വാമി വിഭാഗത്തിന് രണ്ട് പേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ സാധിക്കും.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിലെ രാജ്യസഭ എം.പിമാരായ പി.വിൽസണും എം.മുഹമ്മദ് അബ്ദുല്ലക്കും ഡി.എം.കെ ഒരവസരം കൂടി നൽകും. മുൻ എം.പി ടി.കെ.എസ് ഇളങ്കോവൻ, ആർ.എസ് ഭാരതി, പാർട്ടി മാധ്യമവിഭാഗം സെക്രട്ടറി ജെ.കോസ്റ്റൈൻ രവീന്ദ്രൻ എന്നിവരിൽ ആരെങ്കിലുമൊരാളും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. വൈക്കോയുടെ സീറ്റ് നിലനിർത്തണമെന്ന് എം.ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമ്മർദത്തിന് ഡി.എം.കെ വഴങ്ങില്ലെന്നാണ് സൂചന.



