മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വറിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പരാജയമെന്ന് സൂചന. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് ഘടകകക്ഷിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചെങ്കിലും അംഗീകരിക്കാനാകില്ലെന്ന് അന്‍വര്‍ നിലപാടെടുത്തതോടെ നേതൃത്വം പ്രതിസന്ധിയിലായി. പൂര്‍ണ്ണ ഘടകകക്ഷിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാണ് പി വി അന്‍വര്‍ മുന്നോട്ട് വെച്ചത്. രണ്ട് ദിവസത്തിനകം തീരുമാനം ആയില്ലെങ്കില്‍ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് ഇന്ന് നിലമ്പൂരിലെത്തി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, അന്‍വര്‍ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ‘ഹാപ്പിയായിട്ടാണ് മടക്കം’ എന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവീണ്‍കുമാര്‍ പ്രതികരിച്ചത്.
‘ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം എടുക്കേണ്ടത് യുഡിഎഫും അന്‍വറുമാണ്. അനുനയിപ്പിക്കാന്‍ അദ്ദേഹം രോഷാകുലനല്ല. ഹാപ്പിയായിട്ടാണ് മടക്കം’, പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും തന്നെ വിളിച്ചില്ലെന്ന് അന്‍വര്‍ ഇന്ന് രാവിലെ പരിഭവം അറിയിച്ചിരുന്നു. മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. പിന്നാലെയാണ് അന്‍വറിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയത്. അന്‍വറിനെ കൂടെ നിര്‍ത്താനാണ് ലീഗ് നേതൃത്വത്തിന് താല്‍പര്യം.



