കണ്ണൂർ ∙ മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. സജിത ഫാനിൽ തൂങ്ങാൻ കയറിയ കസേരയും മറ്റും കാണാനില്ല.
സംഭവം നടക്കുമ്പോൾ ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ഭർത്താവിന്റെ വീട്ടിലും മകൻ ഭാര്യ വീട്ടിലും പോയിരുന്നു. ഉച്ചയായിട്ടും വീട് തുറക്കാത്തതിനാൽ സമീപത്തു താമസിക്കുന്നവർ മകൻ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ബാബു പത്തു വർഷം മുൻപാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാർ പറഞ്ഞു. ജിബിഷയാണ് മകൾ. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധിച്ചു.



