പത്തനംതിട്ട: മുണ്ടുകോട്ടക്കൽ വല്യയന്തിയിലെ ചർച്ചിൽ ആരാധന കഴിഞ്ഞു വീട്ടിൽ പോകാനിറങ്ങിയ 12 കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. മുണ്ടുകോട്ടക്കൽ വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബു(48) വാണ് അറസ്റ്റിലായത്.
25 ന് രാവിലെ 11 30 ന് പള്ളി കോമ്പൗണ്ടിൽ വച്ചായിരുന്നു അയൽവാസിയായ ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്. 27 ന് പത്തനംതിട്ട പോലീസിൽ വീട്ടുകാർ പരാതി നൽകി. തുടർന്ന് വനിതാ സെൽ എസ് ഐ ഐ വി ആഷ കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി, പ്രതിക്കെതിരെ വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയും കൂട്ടുകാരിയും ഒന്നിച്ച് വല്യയന്തിയിലെ പള്ളിയിൽ ആരാധനയ്ക്കും സൺഡേ സ്കൂളിലും പങ്കെടുത്തതിനു ശേഷം വീട്ടിൽ പോകാൻ ഗേറ്റിന് അടുത്തേക്ക് നടന്നപ്പോൾ മയിലിനെ കാണിക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച പ്രതി, പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടർന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി കൈ തട്ടിമാറ്റി ഓടിപ്പോയപ്പോൾ പിന്നാലെയെത്തി ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. കൂട്ടുകാരിയുടെ അമ്മയോട് കുട്ടി കാര്യം പറഞ്ഞു, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അവർ, രക്ഷാകർത്താക്കളെ വിവരം അറിയിച്ചതിനെതുടർന്ന്, വീട്ടുകാർ പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിക്കു റിപ്പോർട്ട് നൽകുകയും, കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈലപ്ര പള്ളിപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് 3.15 ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ ഐ വി ആഷയ്ക്കൊപ്പം എ എസ് ഐ
ബീനാ ജി നായർ, സി പി ഓമാരായ
ലേഖ, ആര്യ, അനന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.



