ദോഹ: രാജ്യത്ത് വേനൽ ചൂട് കനത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും എന്നതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് വെയിൽ നേരിട്ട് പതിക്കുന്ന മേഖലകളിൽ ജോലി ചെയ്യാൻ പാടില്ല. എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിശ്ചിത സമയത്ത് തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നിർമാണ മേഖലകളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
വേനൽ കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി തൊഴിൽ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും കാമ്പയിൻ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു. കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമ സ്ഥലം ഒരുക്കൽ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലും ഇതര ഗൾഫ് മേഖലകളിലും ചൂട് ശക്തമാണ്. ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഉച്ചവിശ്രമ നിയമം നിലവിൽ എന്നുവരെ തുടരുമെന്ന് അറിയിപ്പില്ല. മുൻ വർഷങ്ങളിൽ സെ്ര്രപംബർ പകുതി വരെയായിരുന്നു ഉച്ചവിശ്രമ നിയമം നിർബന്ധമാക്കിയത്.
കനത്ത ചൂട് , ജൂൺ ഒന്നുമുതൽ നിയന്ത്രണം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
RELATED ARTICLES



