കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി സമർപ്പിച്ചുവെന്നും ഈ യാത്രയുടെ അവസാനം, സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറഞ്ഞിരുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജർ വിപിൻ പ്രതികരിച്ചത്. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വെെകാതെ മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും വിപിന്‍ പറഞ്ഞിരുന്നു.



