ബെംഗളൂരു: നടൻ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ്ഗ് ലൈഫി’ന്റെ റിലീസിന് നിരോധനം ഏർപ്പെടുത്തി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവന വിവാദമായതോടെയാണ് നിരോധനം. സംഭവത്തിൽ ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ പറഞ്ഞിരുന്നു. ജൂൺ അഞ്ചിനാണ് തഗ്ഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. വിവാദപരാമർശത്തിൽ കമൽ ഹാസൻ മാപ്പ് പറയണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അന്ത്യശാസനം നൽകിയിരുന്നു.
ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താനെ നാല് ഭാഗങ്ങളായി വിഭജിച്ചേനെ: രാജ്‌നാഥ് സിംഗ്
കന്നഡയുടെ ഉത്പത്തി തമിഴിൽ നിന്നാണെന്ന കമൽ ഹാസന്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ കമൽ ഹാസന്റെ മാപ്പ് ആവശ്യപ്പെട്ടതും അന്ത്യശാസന പരിധി നൽകിയതും. എന്നാൽ തെറ്റ് ചെയ്‌തെങ്കിൽ മാത്രം മാപ്പ് പറയുമെന്നും അല്ലെങ്കിൽ മാപ്പ് പറയില്ലെന്നുമായിരുന്നു കമൽ ഹാസന്റെ പ്രതികരണം. ഇതൊരു ജനാധിപത്യ രാജ്യമാണ്. താൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു. കർണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളോടുള്ള തന്റെ സ്‌നേഹം സത്യമാണെന്നും കമൽ ഹാസൻ പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവർ ഒഴികെ ആരും ഇത് സംശയിക്കില്ല. മുൻപും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമൽ ഹാസൻ വിശദീകരിച്ചു.



