ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പരിശീലന വിമാനം ലാന്റിങിനിടെ തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടു. വൈമാനിക പരിശീലനം നടത്തുകയായിരുന്ന വനിതാ ട്രെയിനി പൈലറ്റ് അപകടത്തിൽ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സിനോയ് ജില്ലയിലെ സുക്താര എയർ സ്ട്രിപ്പിലാണ് വെള്ളിയാഴ്ച അപകടം സംഭവിച്ചത്
ജില്ലാ ആസ്ഥാനത്തു നിന്ന് 22 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ച എയർ സ്ട്രിപ്പ്. ലാൻഡിങിലുണ്ടായ പിഴവ് കാരണമാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം പറത്തിയ പൈലറ്റ് ട്രെയിനിക്ക് കാര്യമായ പരിക്കുകളില്ല. മദ്ധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് ഈ എയർ സ്ട്രിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ സൻസ്‌കൃതി ജെയിൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചത്.
അപകടം നടക്കുമ്പോൾ ട്രെയിനി പൈലറ്റ് മാത്രമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. റെഡ്‌ബേർഡ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു ലാൻഡിങിനിടെയുള്ള അപകടം.



