കൊച്ചി: മാനേജറെ മര്‍ദിച്ചുവെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആരോപണം ഉന്നയിച്ച വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതായിരുന്നു. തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അയാളെ കാണാന്‍ തീരുമാനിച്ചത്. കുറച്ച് ഇമോഷണല്‍ ആയാണ് താന്‍ അയാളോട് സംസാരിച്ചത്. അതിന്റെ പുറത്താണ് അയാളുടെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എന്താണ് കാര്യമെന്നുപോലും അറിയാതെ പൊലീസിനോട് പോയി പറഞ്ഞെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. താന്‍ വിപിനെ മര്‍ദിച്ചതായി അയാള്‍ പറഞ്ഞിട്ടില്ല. സംഭവം ഭാവിയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാം എന്നതുകൊണ്ട് മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അയാള്‍ക്കൊപ്പം ഇനിയും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ക്കെതിരെ ഒരു പ്രമുഖ നടി ഫെഫ്‌കെയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.



