Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂരിന് ചതിയുടെ രാഷ്ട്രീയം നന്നായി അറിയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എ ആയിരിക്കെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെ ഓര്‍ക്കുന്നു. വാരിയന്‍ കുന്നത്തിന്‌റെ മണ്ണാണ് നിലമ്പൂരെന്നും അദ്ദേഹത്തെ ചതിച്ചയാളുടെ മണ്ണ് കൂടിയാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. ഓരോഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മറക്കുന്നവരല്ല എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു.

എം സ്വരാജിന്‌റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ക്ലീന്‍ ഇമേജുള്ളയാളാണ് സ്വാരാജ്. ആരുടെ മുന്നിലും തലയുയര്‍ത്തി അഭിമാനത്തോടെ വോട്ട് ചോദിക്കാന്‍ സ്വരാജിനാവും. കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ സ്വരാജിനായിട്ടുണ്ട്. സ്വരാജിന്‌റെ നല്ല തുടക്കമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത ഒരു വലിയ വിഭാഗം പിന്തുണയുമായി എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അതിന് ശേഷമുള്ള സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വിജയകരമായി പൂര്‍ത്തീകരിച്ചു. നാട് ഇടതുമുന്നണി ഭരണത്തെ സ്വാഗതം ചെയ്തു. ജനങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിന് കരുത്ത് പകരുന്നത്. അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന സല്‍പ്പേര് കേരളത്തിന് ലഭിച്ചു. നാടിനോട് പ്രതിബദ്ധതയുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാകാര്യങ്ങളും സുതാര്യമായി നടത്തുന്നു. അതു കൊണ്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളം എല്ലാ മേഖലയിലും വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യരംഗവും പൊതു വിദ്യാഭ്യാസരംഗവും ഒന്നിനൊന്ന് മെച്ചമാണ്. നിപയെ നമ്മള്‍ നല്ല രീതിയില്‍ പ്രതിരോധിച്ചു. കൊവിഡിനെ കുറിച്ച് വീണ്ടും ആശങ്കയുയരുന്നുണ്ട്. എന്നാല്‍ അതും നമുക്ക് നേരിടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളിലെ അക്കാദമിക് നടപടികള്‍ മികച്ചതാക്കും. അഞ്ച് ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയിടത്ത് പത്ത് ലക്ഷം കുട്ടികള്‍ തിരിച്ചു വന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനം നല്‍കുക, പിന്നെ മറക്കുക എന്ന രീതി എല്‍ഡിഎഫിനില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments