സേലം: തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായാണ് ഷൈനിനെ തൃശൂരിലേയ്ക്ക് കൊണ്ടുപോയത്. അപകടത്തിൽ പരിക്കേറ്റ ഷൈനിന്റെ അമ്മയേയും സഹോദരനേയും ഷൈനൊപ്പം തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തിൽ മരണപ്പെട്ട ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസും ഇവരെ അനുഗമിക്കുന്നുണ്ട്ഇന്ന് രാവിലെ 6.10 ന് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷൈനും കുടുംബവും കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ ഷൈനിന്റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷൈനിന്റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവറെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടക സ്വദേശിയാണ് തമിഴ്‌നാട് ധർമ്മപുരി പാലക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലേയ്ക്ക് കൊണ്ടുപോയി
RELATED ARTICLES



