മഥുര: ഉത്തര്‍പ്രദേശില്‍ ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളടങ്ങിയ പഴ്‌സ് തട്ടിയെടുത്ത് കുരങ്ങന്‍. വൃന്ദാവനിലെ പ്രശസ്തമായ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. അലിഗഢ് സ്വദേശിയായ അഭിഷേക് അഗര്‍വാള്‍ കുടുംബത്തോടൊപ്പം വൃന്ദാവനത്തിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കുരങ്ങന്‍ ഭാര്യയുടെ കയ്യിലിരുന്ന പഴ്‌സ് തട്ടിപ്പറിച്ചത്.
കുരങ്ങന്റെ കയ്യില്‍ നിന്ന് പഴ്‌സ് തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ പല വിധത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ നിന്ന് പഴ്‌സ് കണ്ടെത്തി. ആഭരണങ്ങള്‍ മുഴുവന്‍ പഴ്‌സില്‍ തന്നെയുണ്ടായിരുന്നു. ഇത് പൊലീസ് കുടുംബത്തിന് കൈമാറുകയും ചെയ്തു.



