തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് കേസ്. ക്യൂആര്‍ കോഡ് വഴി കൃത്രിമം കാട്ടി സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം തട്ടിയതിന് ജീവനക്കാർക്കെതിരെ ദിയ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികൾ 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തു, തെറ്റ് സമ്മതിച്ച് ജീവനക്കാർ എട്ട് ലക്ഷം രൂപ നൽകിയെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്കാനർ വർക്കാവുന്നില്ലെന്ന് പറഞ്ഞാണ് സാധനം വാങ്ങുന്ന ആളുകളോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തുണ്ട്. നിരവധി കസ്റ്റമേഴ്‌സിനെ ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്ന് ദിയ പറഞ്ഞു.
ജീവനക്കാർ നൽകിയ പരാതി വ്യാജമാണെന്നും ഏത് തരത്തിലുമുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും ദിയ പറഞ്ഞു. ആഭരണങ്ങളും സാരിയും വിൽക്കുന്ന OhbyOzy എന്ന സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് നടന്നത്. ഓൺലൈനായി ആയിട്ടായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം കവടിയാറിലും ഇതേ പേരിൽ ഷോപ്പ് തുടങ്ങി. നിലവിൽ ഓൺലൈനായും ഷോപ്പ് വഴിയുമാണ് വിൽപ്പന നടത്തുന്നത്.



