Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൂടുതൽ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ്

കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ്

ദുബായ് : കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ് എയർവേയ്സ്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി കരാർ കാലോചിതമായി പരിഷ്കരിച്ച് കൂടുതൽ സർവീസ് തുടങ്ങാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം.

മറ്റു രാജ്യങ്ങളിൽനിന്നും വിഭിന്നമായി യുഎഇയിലെ വിവിധ എമിറേറ്റുകളുമായാണ് ഇന്ത്യൻ വ്യോമയാന വകുപ്പ് എയർ സർവീസ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് യാത്രാ സൗകര്യമൊരുക്കാൻ നിലവിലെ കരാർ അനുവദിക്കുന്നില്ലെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ അന്റോനോൾഡോ നെവ്സ് പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾക്ക് യോജ്യമായ സമയമാണിതെന്നും കരാർ പുതുക്കിയാൽ വരും വർഷങ്ങളിൽ കൂടുതൽ വിമാന സർവീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഇൻഡിഗോ, ആകാശ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാന കമ്പനികൾ അബുദാബിയിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. കരാർ കാലോചിതമായി പരിഷ്കരിച്ചില്ലെങ്കിൽ നിരക്ക് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 88 ശതമാനമാണ് ഇത്തിഹാദിന്റെ ലോഡ് ഫാക്ടർ. 

ഒരു വിമാനത്തിലെ  ശരാശരി യാത്രക്കാരുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് ലോഡ് ഫാക്ടർ. ഇന്ത്യ-ദുബായ് വിമാന സർവീസ് കരാർ പ്രകാരം ആഴ്ചയിൽ 50,000ൽനിന്ന് 65,000 സീറ്റുകളാക്കി വർധിപ്പിക്കണമെന്ന് എമിറേറ്റ്സും ആവശ്യപ്പെട്ടിരുന്നു. 


ഇതേസമയം ഇത്തിഹാദ്, എമിറേറ്റ്സ് വിമാന കമ്പനികൾ കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്. അവ വൈകാതെ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ സർവീസ് ആരംഭിക്കാനുള്ള അവസരം തേടുകയാണ് ഈ എയർലൈനുകൾ.  ഇത് ഇന്ത്യൻ വിമാന കമ്പനികൾക്കും ഗുണകരമാകും.


116 വിദേശ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉഭയകക്ഷി കരാറുണ്ട്. കരാർ പ്രകാരം അനുവദിച്ച സീറ്റിന്റെ 80% ഉപയോഗിച്ചാൽ ഉടൻ ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് ആവശ്യമായ വർധന വരുത്തണമെന്നാണ് അയാട്ട നിയമം. എന്നാൽ 2014ന് ശേഷം ഇതുവരെ വിവിധ എമിറേറ്റുകളുമായുള്ള കരാർ പുതുക്കിയിട്ടില്ല. അബുദാബി-ഇന്ത്യ സെക്ടറിൽ 88 ശതമാനത്തിൽ കൂടുതൽ  സീറ്റ് ഉപയോഗിച്ചതിനാൽ കരാർ പുതുക്കണമെന്നാണ് ആവശ്യം. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments