ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒത്തുകളികള്‍ നടന്നുവെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നിങ്ങള്‍ ഭരണഘടനാ സ്ഥാപനമാണെന്നും ഗൗരവതരമായ ചോദ്യങ്ങളില്‍ ഇടനിലക്കാരെവെച്ച് മറുപടി പറയുകയല്ല വേണ്ടതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ ലേഖനത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയുമാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര അടക്കമുള്ള നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് സ്‌ളിപ് അടക്കം പുറത്തുവിടാന്‍ കഴിയുമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മഹാരാഷ്ട്രയില്‍ പോളിങ് നടന്ന ദിവസം വൈകിട്ട് അഞ്ച് മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണം. ഒഴിഞ്ഞുമാറുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സത്യം പറയാന്‍ തയ്യാറാകൂ എന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു



