ബർലിൻ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്‌തമായ പിന്തുണയും ഐക്യദാർഢ്യവും വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ജോഹാൻ വാഡെഫുൾ നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ അണുവായുധ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യൻ സംഘം ജോഹാൻ വാഡെഫുളിനെ അറിയിച്ചു. രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഡി. പുരന്ദേശ്വരി, പ്രിയങ്ക ചതുർവേദി, ഗുലാം അലി ഖട്ടാന, അമർ സിങ്, സമിക് ഭട്ടാചാര്യ, എം. തമ്പിദുരൈ, എം.ജെ. അക്ബർ, പങ്കജ് സരൺ എന്നിവരാണുള്ളത്.



